തെലുങ്കാനയിൽ കോൺഗ്രസ് മുന്നേറുമെന്ന് സർവേഫലം; ബിആർഎസിന് തിരിച്ചടി
Saturday, December 2, 2023 1:21 AM IST
ഹൈദരാബാദ്: തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ സര്‍വേ. ആകെയുള്ള 119 സീറ്റില്‍ കോണ്‍ഗ്രസ് 63-73 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം.
ബിആര്‍എസ് 34-44 സീറ്റ് വരെയും നേടുന്പോൾ ബിജെപിക്ക് നാല് മുതല്‍ എട്ട് വരെയാണ് പ്രവചിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാനം ഭരിക്കുന്ന കെസിആറിന്റെ ബിആര്എസിനെതിരേ ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നതോടെ 42 ശതമാനം വോട്ട് കോൺഗ്രസിന്റെ പെട്ടിയിലാകും. ബിആര്‍എസിന് 36 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് 14 ശതമാനം വോട്ടും ലഭിക്കും.
അതേസമയം കോണ്‍ഗ്രസ് 80ന് മുകളില്‍ സീറ്റ് സുരക്ഷിതമാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന് 58 മുതല്‍ 68 വരെ ലഭിക്കുമെന്ന് റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് ഫലം. ബിആര്‍എസിന് 46 മുതല്‍ 56 വരെ പറയുന്നു.
ഇന്‍ഡ്യ ടിവി സിഎന്‍എക്സ് സര്‍വേ ഫലം പ്രവചിക്കുന്നത് 63 മുതല്‍ 79 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന്. ബിആര്‍എസിന് 31 മുതല്‍ 47 വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു.
ടൈംസ് നൗവും കോണ്‍ഗ്രസ് തന്നെ തെലുങ്കാന വാഴുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 63 സീറ്റും ബിആര്‍എസ് 42 സീറ്റും നേടുമെന്നാണ് പ്രവചനം.