പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതില്‍ ആശങ്ക വേണ്ട: ആരോഗ്യമന്ത്രി
Sunday, December 17, 2023 10:32 AM IST
പത്തനംതിട്ട: പുതിയ ഒമിക്രോണ്‍ ഉപവകഭേദമായ ‘ജെഎൻ.1’ സംസ്ഥാനത്ത് കണ്ടെത്തിയതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും മന്ത്രി പ്രതികരിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍വച്ച് ഇന്ത്യക്കാര്‍ക്ക് ഈ വകഭേദം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും രോഗം ഉണ്ടെന്നാണ് ഇതിന്റെ അര്‍ഥം. കേരളത്തിന്റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ജനിതക ശ്രേണീകരണത്തിലൂടെ നാം ഇത് കണ്ടെത്തിയെന്നേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18ന് കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്.
ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാന ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തിയിരുന്നു. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദേശം.
പുതിയ വകഭേദം ആദ്യം യുഎസിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചൈനയിലുൾപ്പെടെ വ്യാപകമാവുകയും ചെയ്തു. ഈ വകഭേദത്തിന്റെ സ്വഭാവത്തെയും വ്യാപനശേഷിയെയും കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇതിനെതിരായ വാക്സീൻ നിർമിക്കാനുള്ള പഠനവും നടക്കുന്നുണ്ട്.