2034ലെ ഫിഫ ലോകകപ്പിന് വേദിയാകാൻ ഇന്ത്യയും; സൗദിയുമായി ചർച്ച നടത്തും
Monday, December 18, 2023 3:46 AM IST
ന്യൂഡല്‍ഹി: ഫിഫ ലോകകപ്പിന് വേദിയാകാന്‍ ശ്രമം തുടങ്ങി ഇന്ത്യ. 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സൗദിയുമായി ചര്‍ച്ച നടത്താനാണ് ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ് ) ഭരണസമിതിയുടെ തീരുമാനം. ആകെ 104 മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുക. ഇതില്‍ പത്ത് മത്സരങ്ങളിലെങ്കിലും വേദിയാകാനാണ് ഇന്ത്യയുടെ ശ്രമം.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ സൗദി അറേബ്യയെ ഇന്ത്യ പിന്തുണച്ചിരുന്നു. സൗദിക്ക് ഒപ്പം ലോകകപ്പ് വേദി പങ്കിടാനാണ് ഇന്ത്യയുടെ ശ്രമം.
ഇതിനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സൗദി അറേബ്യയെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്.
2030ല്‍ യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങള്‍ വേദിയാകുന്ന ലോകകപ്പാണ്. അതുകൊണ്ട് തന്നെ 2034ല്‍ ഏഷ്യ-ഓഷ്യാന മേഖലയില്‍ നിന്ന് മാത്രമേ ബിഡ് സ്വീകരിക്കുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് സൗദിക്ക് ലോകകപ്പ് വേദി ലഭിച്ചത്. ഓഷ്യാന മേഖലയില്‍ നിന്ന് വേദിക്കായി ഓസ്ട്രേലിയയും രംഗത്തുണ്ടായിരുന്നുവെങ്കിലും അവര്‍ പിന്മാറുകയായിരുന്നു.
ഏഷ്യന്‍ കോണ്‍ഫഡറേഷനിലെ യോഗത്തില്‍ സൗദിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. അതോടൊപ്പം തന്നെ 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പ് വേദിയും സൗദി അറേബ്യയാണ്.
ഇതിനുള്ള ബിഡ്ഡില്‍ നിന്ന് ഇന്ത്യ പിന്മാറുകയും സൗദിക്ക് അവസരം ലഭിക്കുകയുമായിരുന്നു. ഈ അവസരത്തിലാണ് ഇപ്പോൾ ലോകകപ്പ് വേദിക്കായുള്ള ശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്.