മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമർശത്തിൽ വ്യക്തിപൂജ ഇല്ലെന്ന് എം.വി. ഗോവിന്ദൻ
Sunday, January 14, 2024 12:06 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമർശത്തിൽ വ്യക്തിപൂജ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആര് ക്രിയാത്മ വിമർശനം ഉന്നയിച്ചാലും പരിശോധിക്കും. സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
2003ൽ എം.ടി എഴുതിയത് ലോകത്തിന്റെ പൊതു ചിത്രമാണ്. വസ്തുതകൾ പതിറ്റാണ് കഴിഞ്ഞാലും പ്രസക്തമാണ്. സാഹിത്യകാരൻമാരായാലും കലാകാരൻമാരായാലും ഉന്നയിക്കുന്ന വിമർശനങ്ങൾ കാത് കൂർപ്പിച്ച് തന്നെ കേൾക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കിൽ വരുത്തും.
അയോധ്യ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാൻ കേരളത്തിലെ കോൺഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്.
ഇടത്പാർട്ടികൾ വിശ്വാസികളുടെ വിശ്വാസത്തിന് ഒപ്പം നിൽക്കും, പക്ഷെ പണി പൂർത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലക്ഷ്യം വച്ച് ഉദ്ഘാടനം ചെയ്യുന്ന വർഗീയതക്ക് ഒപ്പം ഇല്ല.
നവകേരള സദസ് ചരിത്രപരമായ വൻ മുന്നേറ്റമാണ്. ഒന്നാം പിണറായി സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ വലിയ മുന്നേറ്റമായിരുന്നു സദസ്. യുഡിഎഫ് ബദൽ പരിപാടി ജനങ്ങളില്ലാതെ ശോഷിച്ചു. കലാപാഹ്വാനം നടത്തി, രാഷ്ട്രീയമായി സമനില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷത്തിനെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.