കെഎസ്ആർടിസി ബസ് ലെവല്‍ ക്രോസില്‍ കുടുങ്ങി; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
Thursday, January 18, 2024 8:59 PM IST
ആലപ്പുഴ: ലെവല്‍ ക്രോസില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങിയത് പരിഭ്രാന്തിപരത്തി. വൈകുന്നേരം ആറരയോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലായിരുന്നു സംഭവം. ഹരിപ്പാട് നിന്നും കോട്ടയത്തേക്കു പോകുന്ന ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോയി.
ബസിന്റെ ചവിട്ടുപടി പാളത്തില്‍ കുടുങ്ങി ബസ് മുന്നോട്ടെടുക്കാന്‍ കഴിയാതെ നിന്നുപോവുകയായിരുന്നു. ഇതിനിടയില്‍ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകാനുള്ള സമയവുമായി. ഇതോടെ ബസില്‍നിന്നും യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി.
തുടർന്ന് ബസ് പാളത്തിൽ നിന്ന് തള്ളിമാറ്റുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ട്രെയിനും കടന്നുപോയി.നേരത്തെയും ഈ ലെവല്‍ ക്രോസില്‍ വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.