ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; റദ്ദാക്കി സുപ്രീംകോടതി
Thursday, February 15, 2024 11:14 AM IST
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ഇലക്ടറല്‍ ബോണ്ട് പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ വോട്ടര്‍മാര്‍ക്കും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും അവകാശമുണ്ട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാകില്ല. അത് ഭരണഘടനാ ലംഘനമാണ്. സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ലഭിക്കും. ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ചോദ്യംചെയ്യപ്പെട്ടതും.
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരെ ഹര്‍ജി നല്‍കിയത്.