കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടുകളുടെ മരവിപ്പ് തത്ക്കാലം മാറി; ഇനി വാദം
Friday, February 16, 2024 4:17 PM IST
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താത്ക്കാലിക ആശ്വാസം. ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചതിനെത്തുടര്‍ന്ന് മരവിപ്പിക്കല്‍ ഇടക്കാലത്തേക്ക് റദ്ദ് ചെയ്യപ്പെട്ടു.
രാജ്യസഭാ എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയാണ് കോണ്‍ഗ്രസിനായി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന് ബെഞ്ചിന് മുമ്പാകെ തന്‍ഖ വാദിച്ചു.
എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും ബാങ്ക് അക്കൗണ്ടില്‍ ഒരു ലൈയ്ന്‍ മാത്രമേ ഉണ്ടാകൂ എന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ബുധനാഴ്ച കൂടുതല്‍ വാദം കേള്‍ക്കും.
നേരത്തെ, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി അജയ് മാക്കന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദായനികുതി അടയ്ക്കാന്‍ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരില്‍ 210 കോടി രൂപ പിഴ ചുമത്തിയതായും അദ്ദേഹം പറഞ്ഞു.
ചെക്കുകള്‍ ബാങ്ക് അനുവദിക്കുന്നില്ല. തങ്ങള്‍ക്ക് വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനൊ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനൊ കഴിയുന്നില്ല. ഭാരത് ജോഡോ ന്യായ യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്നും പാര്‍ട്ടി ട്രഷറര്‍ കൂടിയായ അദ്ദേഹം ആരോപിച്ചിരുന്നു.