വീട്ടിലെ പ്രസവത്തിനിടെ മരണം; അറസ്റ്റിലായ അക്യുപംഗ്ചർ ചികിത്സകനെതിരേ കൈയേറ്റശ്രമം
Saturday, February 24, 2024 4:38 AM IST
തിരുവനന്തപുരം: കാരക്കാമണ്ഡപത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത അക്യുപംഗ്ചർ ചികിത്സകനെതിരേ സ്റ്റേഷനിൽവച്ച് കൈയേറ്റശ്രമം. മരിച്ച യുവതിയുടെ ഭർത്താവാണ് ഇയാളെ കൈയേറ്റംചെയ്യാൻ ശ്രമിച്ചത്. കൊച്ചിയിൽനിന്ന് വെള്ളിയാഴ്ചയാണ് അക്യുപംഗ്ചർ ചികിത്സകൻ ഷിഹാബുദീനെ പിടികൂടിയത്.
മരിച്ച ഷെമീറയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും ഇയാളുടെ ഉപദേശപ്രകാരമാണ് ഭർത്താവ് ആശുപത്രിയിലെത്തിക്കാതിരുന്നത്. തുടർന്ന് യുവതിയും കുഞ്ഞും മരിക്കുകയായിരുന്നു. അറസ്റ്റ്ചെയ്ത് നേമം സ്റ്റേഷനിലെത്തിച്ച ഇയാളെ യുവതിയുടെ ഭർത്താവ് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
ഷിഹാബുദീന്റെ ചികിത്സാ കേന്ദ്രത്തിലായിരുന്നു ഷെമീറയെ ചികിത്സിച്ചിരുന്നത്. നേരത്തെ മൂന്ന് തവണ സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയായ ഷെമീറയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഷിഹാബുദീന്റെ ഉപദേശ പ്രകാരം നയാസ് പ്രസവം വീട്ടിൽതന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് പ്രസവത്തിനിടെ മരണം സംഭവിച്ചത്. ഇതിനു പിന്നാലെയാണ് ഷിഹാബുദീൻ ഒളിവിൽപ്പോയത്.