ബിജെഡി മുൻമന്ത്രി ദേബാസിസ് നായക് ബിജെപിയിൽ
Monday, February 26, 2024 7:43 AM IST
ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രിയും മുതിർന്ന ബിജു ജനതാദൾ (ബിജെഡി) നേതാവുമായ ദേബാസിസ് നായക് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച ഒഡീഷയിലെ ബിജെപി ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങിലാണ് നായക് പാർട്ടി അംഗത്വം സ്വീകരിച്ചത്.
മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്ത സഹായികളിൽ ഒരാളാണ് ദേബാസിസ് നായക്. ബാരി നിയോജക മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎയായിട്ടുള്ള ദേബാസിസ്, കായിക യുവജനകാര്യ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് മന്ത്രി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നായിക് ബിജെഡിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.
2000ൽ പട്നായിക്ക് ഒഡീഷയിൽ മുഖ്യമന്ത്രിയായപ്പോൾ നായക്കിന് മന്ത്രിസ്ഥാനം നൽകി. 2008ൽ ഒരു വിവാദത്തെ തുടർന്ന് അദ്ദേഹം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.