ജയം "തട്ടി'യെടുത്ത് ഗില്ലും ജുറെലും; ഇന്ത്യയ്ക്ക് പരമ്പര
Monday, February 26, 2024 2:10 PM IST
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 192 റൺസ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ജയത്തോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
അഞ്ചിന് 120 എന്ന നിലയിൽ പ്രതിരോധത്തിലായ ഇന്ത്യയെ വിജയതീരത്തെത്തിച്ചത് യുവതാരങ്ങളായ ശുഭ്മാൻ ഗില്ലും ധ്രുവ് ജുറെലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ്.
നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 44 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. റൂട്ടിന്റെ പന്തിൽ ആൻഡേഴ്സണ് പിടികൊടുത്തു മടങ്ങുമ്പോൾ 37 റൺസായിരുന്നു യുവതാരത്തിന്റെ സമ്പാദ്യം.
പിന്നാലെ സ്കോർ 99 റൺസിൽ നില്ക്കേ നായകൻ രോഹിത് ശർമയും (55) മടങ്ങി. ടോം ഹാർട്ലിയുടെ പന്തിൽ ബെൻ ഫോക്സിന് ക്യാച്ച്. ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെ രജത് പാട്ടീദാറും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. റണ്ണൊന്നുമെടുക്കാതെ പാട്ടീദാർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യ മൂന്നിന് 100 എന്ന സ്ഥിതിയിലായി.
പിന്നീട് ക്രിസീൽ ഒന്നിച്ച ഗില്ലും ജഡേജയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. 33 പന്തിൽ നാലു റൺസുമായി കട്ടപ്രതിരോധം നടത്തിയ ജഡേജയെ ഷോയിബ് ബഷീർ പുറത്താക്കി. തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെ (പൂജ്യം) ഒല്ലി പോപ്പിന്റെ കൈയിലെത്തിച്ച് ഷോയിബ് ബഷീർ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു.
അഞ്ചിന് 120 റൺസെന്ന നിലയിലായ ഇന്ത്യയ്ക്ക് അപ്പോൾ ജയം 70 റൺസ് അകലെയായിരുന്നു. ഒരുഘട്ടത്തിൽ ഇംഗ്ലണ്ട് ജയം സ്വപ്നംകണ്ടുതുടങ്ങിയപ്പോഴാണ് ശുഭ്മൻ ഗില്ലും കഴിഞ്ഞ ഇന്നിംഗ്സിലെ ഹീറോ ധ്രുവ് ജുറെലും ക്രീസിൽ ഒന്നിച്ചത്. ഇരുവരും വിക്കറ്റ് നഷ്ടപ്പെടാതെ കരുതലോടെ ബാറ്റ് വീശി.
ആഞ്ഞടികളില്ലാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഗിൽ ഒരു ബൗണ്ടറി പോലുമില്ലാതെയാണ് 39 റൺസ് വരെയെത്തിയത്. ജയിക്കാൻ 20 റൺസ് മാത്രം വേണ്ടിയിരിക്കേ ഷോയിബ് ബഷീറിന്റെ ഓവറിലെ ഒന്നും മുന്നും പന്തുകൾ ഗാലറിയിലേക്ക് പറത്തി ഗിൽ അർധസെഞ്ചുറി തികച്ചു.
പിന്നാലെ അടുത്ത ഓവറിൽ ഹാർട്ലിക്കെതിരേ ബൗണ്ടറി കണ്ടെത്തിയ ജുറെൽ ഓവറിലെ അവസാന പന്തിൽ രണ്ടുറൺസെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 124 പന്തുകൾ നേരിട്ട ഗിൽ 52 റൺസെടുത്തപ്പോൾ ജുറെൽ 77 പന്തിൽ 39 റൺസെടുത്തു.
ഇംഗ്ലണ്ടിനു വേണ്ടി ഷോയിബ് ബഷീർ മുന്നും ടോം ഹാർട്ലി, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.