ഫുട്ബോൾ മത്സരത്തിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ
Thursday, February 29, 2024 9:49 AM IST
റിയാദ്: ഫുട്ബോള്‍ മത്സരത്തിനിടെ അശ്ലീല ആംഗ്യ കാണിച്ച അല്‍ നസ്റിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെന്ഷന്. 30,000 സൗദി റിയാൽ പിഴയും ചുമത്തി.
ഒരു കളിയിലാണ് വിലക്ക് വീണത്. സൗദി അറേബ്യൻ ഫുട്ബോള്‍ ഫെഡറേഷനാണ് താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടിയിന്മേൽ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീല്‍ നല്കാന് അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 25ന് അല്‍ ഷബാബിനെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു ഗാലറിയിലുണ്ടായിരുന്ന ആരാധകരുടെ മെസി വിളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രകോപിതനായത്.
മത്സരത്തില്‍ 3-2 ന്റെ ജയം അല്‍ നസ്റാണ് സ്വന്തമാക്കിയത്. അല്‍ ഷബാബിന്റെ ഹോം ഗ്രൗണ്ടില്‍ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ താരം ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.