മധ്യപ്രദേശിൽ പിക്ക് അപ്പ് വാഹനം മറിഞ്ഞ് 14 പേർ മരിച്ചു; 21 പേർ ചികിത്സയിൽ
Thursday, February 29, 2024 10:24 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ പിക്ക് അപ്പ് വാഹനം മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപം പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്.
ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിയ ഗ്രാമീണർ സഞ്ചരിച്ച പിക്ക്അപ്പ് വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞതാണ് അപകടകാരണം. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു.
രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ഡിൻഡോരി കളക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മന്ത്രി സമ്പതിയ യുകെയ് ദിൻഡോരിയിലെത്തും.