രണ്ടു പൂജ്യങ്ങളാണെങ്കിൽ മാത്രം കേരളത്തിൽ ബിജെപി രണ്ടക്കം കടക്കും: ശശി തരൂർ
Thursday, February 29, 2024 12:33 PM IST
തിരുവനന്തപുരം: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശവാദമുന്നയിച്ചതിനെ പരിഹസിച്ച് ശശി തരൂർ എംപി.
രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പരിഹസിച്ചു. കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ബിജെപി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടത്.
ബിജെപിയുടെ പ്രശ്നം കേരളത്തിന്റെ ചരിത്രമോ സംസ്കാരമോ മനസിലാക്കാനായിട്ടില്ലെന്നതാണ്. ഒരു ചെറിയ പരിധിക്കപ്പുറം ഇവിടെ വര്‍ഗീയത വിളയില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മണിപ്പുരിലെ സാഹചര്യം ആ നീക്കത്തെ വഷളാക്കിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഇതുവരെയും സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ മത്സരിക്കേണ്ടതില്ലെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. എന്ത് തന്നെയായാലും എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. മണ്ഡലത്തില്‍ എനിക്ക് ചുമതലകള്‍ ഉണ്ട്. ഹിമാചല്‍പ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിരാശപ്പെടുത്തിയെന്നും ശശി തരൂർ പറഞ്ഞു.