സിദ്ധാർഥിന്റെ മരണം; അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും
Thursday, February 29, 2024 6:49 PM IST
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകിയതായാണ് വിവരം. പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറാനാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. അന്വേഷണത്തിൽ പോലീസിനെതിരേ വലിയ വിമർശനമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. നിലവിൽ വയനാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി അഖിൽ പിടിയിലായിരുന്നു. സിദ്ധാർഥിനെതിരേ ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്കിയ 12 പേരിൽ ഒരാളാണ് പിടിയിലായ അഖിൽ. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.