പരിശ്രമിച്ചാൽ കേരളത്തിലെ ഇരുപത് സീറ്റു നേടാം; രേവന്ദ് റെഡ്ഡി
Thursday, February 29, 2024 8:12 PM IST
തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കടുത്ത വിമർശനം. തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും സച്ചിൻ പൈലറ്റുമാണ് സമരാഗ്നി വേദിയിൽ വിമർശനം ഉന്നയിച്ചത്.
കേരളസർക്കാരും തെലുങ്കാനയിലെ മുൻ സർക്കാരും തമ്മിൽ വ്യത്യാസമില്ല. കേരളത്തിലെ എംപിമാർ മോദിക്കെതിരേ നിലപാടുള്ളവരാണ്. കേരളത്തിൽ മോദിയെയും ബിജെപിയെയും എത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന പ്രവർത്തകരാണ് കോൺഗ്രസിനുള്ളത്. പരിശ്രമിച്ചാൽ കേരളത്തിൽ മുഴുവൻ സീറ്റിലും ലോക്സഭയിലേക്ക് എത്താൻ സാധിക്കുമെന്ന് രേവന്ദ് റെഡ്ഡി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ സമ്പന്നർ സമന്പന്നരായും ദരിദ്രർ ദരിദ്രരായും തുടരുകയാണെന്ന് സച്ചിൻ പൈലറ്റ് വിമർശിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം ബിജെപി തകർത്തു. കോൺഗ്രസ് ശക്തമായി തിരിച്ചുവരും. കേരളത്തിലെ സർക്കാർ അഴിമതിയിൽ കുളിച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.