ബംഗളൂരുവിൽ ഭക്ഷണശാലയിൽ സ്ഫോടനം; നാലുപേർക്ക് പരിക്ക്
Friday, March 1, 2024 2:52 PM IST
ബംഗളൂരു: ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്ക്. ബംഗളൂരുവിലെ കുന്ദലഹള്ളിയിലുള്ള രാമേശ്വരം കഫേയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ മൂന്നുപേർ സ്ഥാപനത്തിലെ ജീവനക്കാരാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരുവിൽ വിവിധയിടങ്ങളിലായി ശാഖകളുള്ള സ്ഥാപനമാണ് രാമേശ്വരം കഫേ. നിരവധി ആളുകൾ ദിനംപ്രതി എത്തുന്ന സ്ഥാപനത്തിന്റെ ശാഖയിലാണ് അപകടമുണ്ടായത്.