കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ല
Friday, March 8, 2024 11:31 PM IST
ന്യൂഡൽഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 65 കോടിയോളം രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടിക്കെതിരേ കോണ്‍ഗ്രസ് നല്കിയ പരാതി തള്ളി.കോണ്‍ഗ്രസിന്റെ അപേക്ഷ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ സ്റ്റേയില്ലെന്നും ഉത്തരവിട്ടു. സ്റ്റേ ഉത്തരവ് നല്കാന് അധികാരമില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പറഞ്ഞു. നടപടിയിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുകയടക്കമുള്ള ഒമ്പത് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പരാതിയെ തുടർന്ന് ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ അക്കൗണ്ടുകൾ പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.
ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16നാണ് കോണ്‍ഗ്രസ് പുറത്തുവിടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കുടിശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്ന കാരണം പറഞ്ഞായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.