ബംഗുളൂരു ജലപ്രതിസന്ധി; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ
Sunday, April 7, 2024 12:48 AM IST
ബംഗുളൂരു: ബംഗളൂരുവിലെ ജലപ്രതിസന്ധിയിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ ജലസേചനവും ജലവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും നിർത്തിവച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനനില തകരാൻ കാരണം കോൺഗ്രസ് ആണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. നഗരം വെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നത് അത്യന്തം ആശങ്കാജനകവും ദുഃഖകരവുമാണെന്ന് നിർമലാ സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിശ്വേശ്വരയ്യ ജല നിഗം ലിമിറ്റഡ്, കർണാടക നീരവരി നിഗം ലിമിറ്റഡ്, കാവേരി നീരവരി നിഗം ലിമിറ്റഡ്, കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ 20,000 കോടി രൂപയുടെ ടെൻഡറുകൾ 2023 മെയ് മാസത്തിൽ മുഖ്യമന്ത്രി നിർത്തിയതായി നിർമല സീതാരാമൻ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ "ജൽ ജീവൻ മിഷൻ' സംസ്ഥാനത്ത് എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്നും അവർ ചോദിച്ചു.