കിണറ്റില്‍ വീണ കാട്ടാന ഉടന്‍ കരകയറിയേക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Friday, April 12, 2024 12:24 PM IST
കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാന സ്വയം കരയ്ക്ക് കയറാനുള്ള ശ്രമം തുടരുന്നു. കിണറിന്റെ തിട്ട ആന ഇടിച്ചിട്ടു. ആന ഉടന്‍ കരയ്ക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.
കിണറിന് 500 മീറ്റര്‍ ദൂരെ മാറി നില്‍ക്കാനാണ് നിര്‍ദേശം. പുറത്തെത്തുന്ന ആന അക്രമാസക്തനാകുമെന്ന് ആശങ്കയുള്ള സാഹചര്യത്തിലാണിത്. ആന പുറത്തെത്തിയ ശേഷം മയക്കുവെടി വയ്ക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.
പലഭാഗത്തായി കിടങ്ങുകള്‍ സ്ഥാപിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് ശ്രമം. കയറ്റിറക്കമുള്ള പ്രദേശമായതിനാല്‍ മയക്കുവെടി വച്ച ശേഷം ആനയെ പുറത്തെത്തിക്കുന്നതും ദുഷ്കരമായ ദൗത്യമാണ്.
ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ജെസിബി കൊണ്ടുവന്ന് മണ്ണിടിച്ച് ആനയെ രക്ഷപെടുത്താനാൻ വനംവകുപ്പ് ആലോചിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. ആനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഏറെ നേരം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.