ഈസി വാക്കോവര്‍ ഇല്ല; നാലു മണ്ഡലങ്ങളിൽ അഹോരാത്രം പണിയെടുക്കാൻ ലീഗ്
സ്വന്തം ലേഖകന്‍
Friday, April 12, 2024 4:59 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ ചോരാതെ പരമാവധി ചേര്‍ത്തുപിടിക്കാന്‍ മുസ്ലിം ലീഗ്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൈപ്പിടിയിലാക്കാനുള്ള സിപിഎം ശ്രമങ്ങള്‍ തടയിടാനുള്ള ശ്രമത്തിലാണ് ലീഗ്.
മുസ്ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്കു പുറമെ കോൺഗ്രസ് മത്സരി ക്കുന്ന വടകര, കോഴിക്കോട് മണ്ഡലങ്ങളിലും സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാന്‍ പ്രവര്‍ത്തകര്‍ക്ക് ലീഗ് നേതാക്കള്‍ നിര്‍ദേശം നല്കി.
അതിശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട്ടും വടകരയിലും ജയിച്ചുകയറണമെങ്കില്‍ രാഹുല്‍ എഫക്ടിനൊപ്പം ലീഗ് പ്രവര്‍ത്തകരുടെ അഹോരാത്ര പ്രവര്‍ത്തനം കൂടി അത്യാവശ്യമാണെന്നാണ് യുഡിഎഫിലെ വിലയിരുത്തല്‍.
അതേസമയം ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മലപ്പുറത്തും പൊന്നാനിയിലും ഈസി വാക്കോവര്‍ നേതൃത്വം പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ പരമാവധി ശ്രദ്ധ ഈ മണ്ഡലങ്ങളില്‍ നല്‍കേണ്ട അവസ്ഥയും നേതാക്കള്‍ക്കുണ്ട്.
ഇതിനിടയിലാണ് കോണ്‍ഗ്രസിനെ സഹായിക്കുക എന്ന ധര്‍മം കൂടി പാർട്ടി വഹിക്കുന്നത്. വടകരയില്‍ ഷാഫിയെ രംഗത്തിറക്കയത് ലീഗ് ആശീര്‍വാദത്തോടെയാണ്. ഇതുകൂടി കണക്കിലെടുത്ത് ഈ മണ്ഡലങ്ങളില്‍ വിശ്രമരഹിത പ്രവര്‍ത്തനമാണ് നേതൃത്വം നടത്തുന്നത്.
പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സമസ്തയുടെ വോട്ടുകള്‍ ചോരാതിരിക്കാനുള്ള നീക്കങ്ങളുമായി ലീഗ് രംഗത്തെത്തിക്കഴിഞ്ഞു. യുഡിഎഫ് ബന്ധം ശക്തമാക്കി കോണ്‍ഗ്രസ് വോട്ട് പരമാവധി സമാഹരിക്കാനാണ് പ്രാദേശിക നേതൃത്വങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുന്നണി ഐക്യത്തിനോടൊപ്പം അബ്ദുസമദ് സമദാനിയുടെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ യുഡിഎഫ് വോട്ട് കാര്യമായി ചോരില്ലെന്നാണ് ലീഗിന്റെ പ്രതീക്ഷ. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ കോട്ടയ്ക്കല്‍, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളില്‍ ഇകെ വിഭാഗം സുന്നികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.
സമസ്തയുടെ പ്രഹരം ലീഗ് ഏറെ ഭയക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. ഹംസ പ്രചാരണത്തില്‍ ഒട്ടും പിന്നിലല്ലെന്നതും നേതൃത്വം കണക്കിലെടുക്കുന്നുണ്ട്.