പി. ജയരാജന്റെ വെണ്ണപ്പാളി പരാമർശം; കെ.കെ. ശൈലജ നിലപാട് വ്യക്തമാക്കണം: ഡിസിസി പ്രസിഡന്റ്
Saturday, April 13, 2024 8:56 AM IST
കോഴിക്കോട്: പി. ജയരാജന്റെ വെണ്ണപ്പാളി പരാമർശത്തിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. പ്രസ്താവനയെ പിന്തുണയ്ക്കുന്നില്ലെങ്കിൽ പരസ്യമായി തള്ളിപ്പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാമർശത്തിലൂടെ പി. ജയരാജൻ സ്ത്രീത്വത്തെയാണ് അപമാനിച്ചിരിക്കുന്നതെന്ന് അദ്ദഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ പിന്തുണച്ച് പ്രകടനത്തിനെത്തിയ സ്ത്രീകളെ ‘വെണ്ണപ്പാളികൾ’ എന്ന് വിളിച്ചാണ് പി. ജയരാജൻ ആക്ഷേപിച്ചത്.
തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാനൂരിൽ സിപിഎമ്മുകാർ ബോംബുണ്ടാക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇത് വളരെ ഗൗരവമുള്ള കണ്ടെത്തലാണ്. തോൽക്കുമെന്ന ഭയമാണ് പാർട്ടി ഇത്തരം പ്രവർത്തികൾ ചെയ്യാൻ കാരണമെന്നും പ്രവീൺ കുമാർ ആരോപിച്ചു.