ലക്നോവിനെ അടിച്ചു തകർത്ത് കോൽക്കത്ത
Sunday, April 14, 2024 7:29 PM IST
കോൽക്കത്ത: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയ്ന്റ്സിനെ തകർത്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. എട്ട് വിക്കറ്റിനായിരുന്നു കോൽക്കത്തയുടെ ജയം. സ്കോർ: ലക്നോ 161-7 (20), കോൽക്കത്ത 162-2 (15.4)
ഫിലിപ്പ് സാൾട്ടിന്റെ മികച്ച പ്രകടനമാണ് കോൽക്കത്തയക്ക് അനായാസ ജയം സമ്മാനിച്ചത്. സാൾട്ട് പുറത്താകാതെ 47 പന്തിൽ 14 ഫോറുകളും മൂന്ന് സിക്സും ഉൾപ്പെടെ 89 റണ്‍സെടുത്തു.
സാൾട്ടിന് നായകൻ ശ്രേയസ് അയ്യർ ഉറച്ച പിന്തുണ നൽകി. ശ്രേയസ് പുറത്താകാതെ 38 പന്തിൽ 38 റണ്‍സെടുത്തു. സുനിൽ നരെയ്ൻ (6), അങ്ക്കൃഷ് രഘുവംശി (7) എന്നിവരുടെ വിക്കറ്റുകളാണ് കോൽക്കത്തയ്ക്ക് നഷ്ടമായത്. ലക്നോവിനായി മോഹ്സിൻ ഖാനാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ ബാറ്റർമാരെ നിലയുറപ്പിക്കാൻ കോൽക്കത്ത ബൗളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കോൽക്കത്ത ലക്നോവിനെ സമ്മർദത്തിലാക്കി.
നായകൻ കെ.എൽ. രാഹുലിനും നിക്കോളാസ് പുരനും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. രാഹുൽ 39 റണ്‍സെടുത്തപ്പോൾ പുരൻ 45 റണ്‍സ് നേടി. പുരനാണ് ലക്നോ നിരയിൽ ടോപ് സ്കോറർ. ആയുഷ് ബദോനി 29 റണ്‍സും നേടി.
മിച്ചൽ സ്റ്റാർക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് കോൽക്കത്തയ്ക്ക് കരുത്തായത്. ജയത്തോടെ കോൽക്കത്ത എട്ട് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനാത്താണ്. ആറ് പോയിന്റുള്ള ലക്നോ അഞ്ചാം സ്ഥാനത്താണ്.