ഹസന്റെ സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനിൽ ആന്റണി
Sunday, April 14, 2024 11:49 PM IST
പത്തനംതിട്ട: അനിൽ ആന്റണി പിതൃനിന്ദ നടത്തിയെന്ന് പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനില്‍ ആന്റണി.
കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റെന്നും അനില്‍ പറഞ്ഞു. ഹസന്റേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ വ്യക്തമാക്കി.
കോഴ ആരോപണത്തിലും അനില്‍ പ്രതികരിച്ചു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അനിൽ പറഞ്ഞു. നിയമപരമായ നടപടി കാത്തിരുന്ന് കാണാമെന്നും കർമ്മം പോലെ കാര്യങ്ങൾ വന്നോളുമെന്നും അനില്‍ പറഞ്ഞു.
അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പറഞ്ഞിരുന്നു. അനിൽ ആന്റണി പിതൃനിന്ദ നടത്തിയെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും ആദ്ദേഹം പറഞ്ഞു.
മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പേറുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസൻ പറഞ്ഞിരുന്നു.