ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന മാവിൽ പ്രാണി; സ്കൂളിന് നോട്ടീസ്
Monday, April 15, 2024 1:18 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന മാവിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് പ്രൈമറി സ്കൂളിന് അധികൃതർ നോട്ടീസ് നൽകി. കലൻ തഹസിലിലെ ഗണേഷ്പൂർ പ്രൈമറി സ്കൂൾ സന്ദർശിച്ച ശേഷം നോട്ടീസ് നൽകിയതായി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) രൺവിജയ് സിംഗ് പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രൺവിജയ് സിംഗ് സ്കൂളിലെ അധ്യാപകർക്ക് നോട്ടീസ് നൽകുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ശനിയാഴ്ച പ്രദേശത്തെ ആറ് സ്കൂളുകളിൽ താൻ പരിശോധന നടത്തിയെന്നും മൂന്ന് സ്കൂളുകളിൽ അധ്യാപകർ ഹാജരായില്ലെന്നും എൻറോൾമെന്റിനെക്കാൾ കുട്ടികളുടെ എണ്ണം കുറവാണെന്നും രൺവിജയ് സിംഗ് പറഞ്ഞു.
ഈ സ്കൂളുകളിലെ ഭൂരിഭാഗം അധ്യാപകരും ഡിജിറ്റലായി ഹാജർ സമർപ്പിക്കുന്നില്ലെന്നും ബിഎസ്എ അറിയിച്ചു. ഈ വീഴ്ചകൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.