കള്ളവോട്ട് തടയാൻ നടപടി വേണം; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍
Tuesday, April 16, 2024 1:28 PM IST
കൊച്ചി: കള്ളവോട്ടിനെതിരേ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയിൽ. വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഭയമില്ലാതെ ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിക്കണം, എല്ലാ ബൂത്തുകളുടെയും വീഡിയോ ചിത്രീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഹര്‍ജിയില്‍
ഉന്നയിച്ചിട്ടുണ്ട്.
മുന്‍ തെരഞ്ഞെടുപ്പുകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലും പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായ സാഹചര്യത്തിലുമാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ പോലും രേഖപ്പെടുത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. അത്തരം സാഹചര്യം ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പലരും സിപിഎം അനുഭാവികളാണ്. അതുകൊണ്ട് കള്ളവോട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇവര്‍ മെനക്കെടാറില്ല.
ഈ സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ ഉചിതമായ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിച്ചേക്കും.