ലോക്സഭാ തെരഞ്ഞെടുപ്പ്: 102 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്ന് സമാപിക്കും
Wednesday, April 17, 2024 8:22 AM IST
ചെന്നൈ: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1,625 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
തമിഴ്നാട്ടിൽ വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യപ്രചാരണം ഇന്നു വൈകുന്നേരം ആറിന് സമാപിക്കും.
നിലവിലെ എംപിയും മുൻ പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.വൈദ്യലിംഗമാണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി. പുതുച്ചേരി ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ എ.നമശിവായമാണ് എൻഡിഎ സ്ഥാനാർഥി.
26 സ്ഥാനാർഥികൾ ഉണ്ടെങ്കിലും ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ടു സ്ഥാനാർഥികളും മാഹിയിൽ പ്രചാരണത്തിനെത്തിയിരുന്നു.