റിക്കാർഡ് ഉയരത്തിൽ വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
Wednesday, April 17, 2024 10:56 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവകാല റിക്കാർഡായ പവന് 54,360 രൂപയിലും ഗ്രാമിന് 6,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുതിച്ചുയർന്നാണ് 54,000 കടന്നത്. തിങ്കളാഴ്ച പവന് 440 രൂപ വർധിച്ചിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,690 രൂപയാണ്. ഒരു പവന് സ്വർണം വാങ്ങണെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും സഹിതം 59,000 രൂപ കൊടുക്കണമെന്ന സ്ഥിതിയിലാണ്.
ഒന്നരമാസത്തിനിടെ 8,000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1,160 രൂപയാണ് കൂടിയത്. ഏപ്രിൽ മാസം ഇതുവരെ 3,720 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച സ്വർണവിലയിൽ നേരിയ കുറവ് വന്നിരുന്നു. പവന് 53,200 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വർണവില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.01 ഡോളർ (0.04%) കുറഞ്ഞ് 2381.90 ഡോളർ എന്നതാണ് നിരക്ക്. ഇസ്രയേൽ-ഇറാൻ സംഘർഷം തുടർന്നാൽ അത് സ്വർണവില ഇനിയും വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 90 രൂപയാണ് വില. എട്ട് ഗ്രാമിന് 724 രൂപ,10 ഗ്രാമിന് 900 രൂപ,100 ഗ്രാമിന് 9000 രൂപ എന്നിങ്ങനെയാണ് വിലനിലവാരം.