എപിപി അനീഷ്യയുടെ മരണം: പ്രതികൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം
Wednesday, April 17, 2024 3:38 PM IST
കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ(41) ജീവനൊടുക്കിയ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം. എപിപി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുൽ ജലീൽ എന്നിവർക്കാണ് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണം, മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം.
ജനുവരി 21നാണ് പരവൂർ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ അനീഷ്യയെ കണ്ടത്. ജോലിസ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന, അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി, ഒരു തെറ്റും ചെയ്തില്ല, സ്ത്രീ എന്ന പരിഗണന നൽകിയില്ല, തന്നെ ആളുകളുടെ ഇടയിൽ വച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യ ശബ്ദസന്ദേശത്തിൽ ഉന്നയിക്കുന്നത്.