ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
Thursday, April 18, 2024 3:08 PM IST
നെടുമങ്ങാട്: കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പിലാക്കുന്ന നയങ്ങൾ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തേയും മത നിരപേക്ഷതയെയും തകർക്കുന്ന നിലപാടാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പ്രകാശ് കാരാട്ട്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി വി.ജോയിയുടെ അരുവിക്കര മണ്ഡലം റാലിയും പൊതു സമ്മേളനവും ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ശതകോടീശ്വരന്മാരുമായി ചേർന്ന് സ്വകാര്യവൽക്കരണം നടത്തുകയും ഖനനം, റെയിൽവേ, വിമാനത്താവളം എന്നിവ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കാഴ്ചയുമാണ് നാം കണ്ടത്. ഇതുകാരണം രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചു.
മോദിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന നയമാണ് നടപ്പിലാക്കുന്നത്. ഇതിന് ഉദാഹരണമാണ് അരവിന്ദ് കേജരിവാളിനെയും ഹേമന്ദ് സോറനെയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലലടച്ചത്.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അർഹതപ്പെട്ട വിഹിതം പോലും നൽകാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഗവർണറെ ഉപയോഗിച്ച് ഒപ്പിടാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് കേന്ദ്ര-സംസ്ഥാന സംവിധാനമായ ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കോൺഗ്രസ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തകർന്ന് അവരുടെ മുഖ്യമന്ത്രിമാരും അണികളും കൂട്ടത്തോടെ ബിജെപിയിൽ ചേരുന്ന കാഴ്ചയാണുള്ളത്. മൃദു ഹിന്ദുത്വ സമീപനം എടുക്കുന്ന കോൺഗ്രസ് ഹിന്ദു പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുകയാണെന്നും പൗരത്വബില്ലിനെതിരേ സംസാരിക്കാൻ പോലും കോൺഗ്രസ് തയാറായിട്ടില്ലെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.