ലോക്സഭാ തെരഞ്ഞെടുപ്പ്:102 മണ്ഡലങ്ങളിൽ ജനവിധി വെള്ളിയാഴ്ച
Thursday, April 18, 2024 3:41 PM IST
ന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്തിനൊരുങ്ങി രാജ്യം. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.
ആകെ 102 ലോക്സഭാ മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ വിധി കുറിക്കപ്പെടും. ഈ മണ്ഡലങ്ങളിൽ കഴിഞ്ഞദിവസം പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്നു നിശബ്ദ പ്രചാരണദിനമാണ്.
102 മണ്ഡലങ്ങളിലായി 1,625 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനാർഥികൾ മത്സരിക്കുന്നു. പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഏക സീറ്റുകളിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വലിയ പ്രതീക്ഷയിലാണ്. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും അണ്ണാ ഡിഎംകെയും മുന്നോട്ടു വയ്ക്കുന്നത്.
രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിന്റെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മോദി റാലികൾ എത്തിയത്.
രാഹുല്‍ഗാന്ധി കർണാടകയിലും പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി. മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനും 11 കേന്ദ്രമന്ത്രിമാരും അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും വെള്ളിയാഴ്ച ജനവിധി തേടുന്നവരിൽപ്പെടുന്നു.
കേരളത്തിൽ രണ്ടാംഘട്ടമായ ഏപ്രിൽ 26നു വോട്ടെടുപ്പ് നടക്കും. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിനുശേഷം ജൂൺ നാലിനാണു വോട്ടെണ്ണൽ.