ഇടുക്കിയിൽ ജപ്തിക്കിടെ ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു
Saturday, April 20, 2024 4:50 PM IST
ഇടുക്കി:നെടുങ്കണ്ടത്ത് ജപ്തി നടപടിക്കള്‍ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 80 ശതമാനം പൊള്ളലേറ്റിരുന്നു.
കഴിഞ്ഞദിവസം സ്വകാര്യ ബാങ്കിന്റെ നെടുങ്കണ്ടം ബ്രാഞ്ചില്‍ നിന്ന് ജപ്തി നടപടികള്‍ക്കായി അധികൃതർ എത്തിയപ്പോഴായിരുന്നു സംഭവം. വീട് ഒഴിപ്പിക്കാന്‍ വന്ന ബാങ്ക് അധികൃതരുടെയും പോലീസിന്റെയും മുന്‍പില്‍വെച്ച് ഷീബ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷീബയെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
പൊള്ളലേറ്റ പോലീസ് ഉദ്യോഗസ്ഥരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.