കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നു
Saturday, April 20, 2024 5:27 PM IST
കോഴിക്കോട്: കത്തിക്കാളുന്ന ചൂടിനൊപ്പം കോഴിക്കോട് പല ഭാഗത്തും പനി പടരുന്നത് ആശങ്കയുണര്‍ത്തുന്നു. സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അയ്യായിരത്തോളം പേരാണ് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്.
ശരാശരി മുന്നൂറിലധികം പേരാണ് ദിവസവും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. നൂറുകണക്കിന് ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. മുതിര്‍ന്നവരും കുട്ടികളും പനി ബാധിച്ച് ചികിത്സയിലാണ്. വൈറല്‍ പനിയായതിനാല്‍ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ചികിത്സ തേടേണ്ടിവരുന്ന സാഹചര്യമുണ്ട്.
പനി നിയന്ത്രണാതീതമായതോടെ മലയോര മേഖലകളിലടക്കം ആശുപത്രികളില്‍ ഒപി വിഭാഗത്തോടൊപ്പം പനി ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്. പനി ബാധിതര്‍ക്ക് വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. വേനല്‍ ചൂടിനൊപ്പം പനിയെത്തിയത് ജില്ലയില്‍ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
പനിക്കു പുറമേ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപിക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ നിരവധിപേര്‍ ചികില്‍സ തേടി. ഒരാഴ്ചയ്ക്കിടെ മുപ്പതോളം ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓമശേരി, മേപ്പയ്യൂര്‍, വേളം, തൂണേരി, നാദാപുരം, മണിയൂര്‍, വടകര, ബാലുശേരി, കാക്കൂര്‍, എടച്ചേരി, തിരുവമ്പാടി, ഓര്‍ക്കാട്ടേരി തുടങ്ങിയിടങ്ങളിലാണ് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയോര മേഖലകളിലാണ് പ്രധാനാമയും ഡെങ്കിപ്പനി വ്യാപിക്കുന്നത്. മഞ്ഞപ്പിത്ത കേസുകളും കൂടുന്നുണ്ട്. ജില്ലയില്‍ ഇതിനകം മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ ചികില്‍സയിലാണ്.
ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.