കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
Saturday, April 20, 2024 7:28 PM IST
കോഴിക്കോട്: വയോധികർക്കായി വീട്ടിൽ നടത്തിയ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നു എന്ന പരാതിയിൽ നടപടിയുമായി കോഴിക്കോട് ജില്ലാ കളക്ടർ.
പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു.
കോഴിക്കോട് പെരുവയൽ 84-ാം നമ്പർ ബൂത്തിലാണ് ആൾമാറി വോട്ട് ചെയ്യിപ്പിച്ച സംഭവമുണ്ടായത്. പായംപുറത്ത് ജാനകിയമ്മയുടെ വോട്ടാണ് കോടശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ മാറ്റി ചെയ്യിപ്പിച്ചത്.
സംഭവത്തിൽ പോളിംഗ് ഓഫീസർ, സ്പെഷൽ പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, ബിഎൽഒ എന്നിവരെ കളക്ടർ സസ്പൻഡ് ചെയ്തു. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് വ്യക്തമായതോടെയാണ് നടപടി.
കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് കമ്മീഷണർക്ക് കളക്ടർ നിർദ്ദേശം നൽകി. എൽഡിഎഫ് ഏജന്റ് എതിർത്തിട്ടും ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു.
പിന്നാലെ കള്ള വോട്ടാണ് നടന്നതെന്നും ബിഎല്‍ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.