ഏറ്റവും അഴിമതി കുറവ് കേരളത്തില്‍, മോദി സംസ്ഥാനത്തെ അപമാനിച്ചു: മുഖ്യമന്ത്രി
Sunday, April 21, 2024 10:12 AM IST
കാസര്‍ഗോഡ്: അഴിമതിയില്‍ ബിഹാറിലെ രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് പിണറായി സര്‍ക്കാരിന്റെ അവസ്ഥയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോദി കേരളത്തെയും ബിഹാറിനെയും അപമാനിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം.
കേരളത്തില്‍നിന്ന് ഒരു സീറ്റ് പോലും കിട്ടില്ലെന്നതിന്റെ വെപ്രാളമാണ് മോദിക്ക്. ഏത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ആക്ഷേപമെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിനെതിരേ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുകയാണ്.
ബിജെപിയെ പേടിച്ച് പാര്‍ട്ടി പതാക ഒളിപ്പിച്ച രാഹുല്‍ സംഘപരിവാറില്‍നിന്ന് ഒളിച്ചോടുകയാണ്. ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്. എതിരാളിയെന്ന് രാഹുല്‍ അവകാശപ്പെടുന്ന മോദിയെ എതിര്‍ക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.