യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കുമെന്ന് ചെന്നിത്തല
Sunday, April 21, 2024 5:46 PM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. സിപിഎം ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയെ മാത്രം പിണറായി വിജയൻ വിമർശിക്കുന്നത് ബിജെപിയുടെ ഗുഡ് ബുക്കിൽ കയറി പറ്റാനാണ്.
സംസ്ഥാനത്തെ ഭരണനേട്ടം വിശദീകരിച്ച് വോട്ട് ചോദിക്കാൻ എൽഡിഎഫിന് കഴിയുന്നില്ല. കേരളത്തിലെ ജനങ്ങൾ തെറ്റ് തിരുത്തുമെന്നും യുഡിഎഫ് അനുകൂല വിധിയെഴുത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.