പോലീസ് സിലബസിൽ തൃശൂർപൂരം ക്രൗഡ് മാനേജ്മെന്റ് ഉൾപ്പെടുത്തും
Tuesday, April 23, 2024 7:48 PM IST
തൃശൂർ: പോലീസ് സേനാംഗങ്ങളുടെ പരിശീല സിലബസിൽ തൃശൂർപൂരം ക്രൗഡ് മാനേജ്മെന്റ് പ്രത്യേക വിഷയമായി ഉൾപ്പെടുത്താൻ ആലോചന. കേരളത്തിലെ ഏറ്റവും വലിയ ജനത്തിരക്കുള്ള പരിപാടി എങ്ങനെ നല്ല രീതിയിൽ പ്രശ്നങ്ങളില്ലാതെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൂരവുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന പോലീസിന്റെ ശരിയല്ലാത്ത ഇടപെടലുകളും നടപടികളും പൊതുജനമധ്യത്തിൽ പോലീസിന്റെ സൽപേരിന് കോട്ടം തട്ടിച്ചു എന്ന വിലയിരുത്തലിനെ തുടർന്നാണ് പൂരം കൈകാര്യം ചെയ്യുന്നതിന് സ്പെഷൽ ട്രെയിനിംഗ് കൊടുക്കാൻ ആലോചിക്കുന്നത്.
തൃശൂർപൂരം ക്രൗഡ് മാനേജ്മെന്റ് എന്ന രീതിയിലാണ് പരിശീലനമെങ്കിലും ശബരിമല, ആറ്റുകാൽ പൊങ്കാല തുടങ്ങി ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പോലീസ് എങ്ങനെ നല്ല രീതിയിൽ ഇടപെടണം എന്ന് മനസിലാക്കി കൊടുക്കാൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ പൂരത്തിന് ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാർക്ക് തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമി മൂന്നോ നാലോ ദിവസത്തെ വിദഗ്ധ പരിശീലനം പ്രത്യേകമായി നൽകണമെന്നും നിർദേശമുർന്നിട്ടുണ്ട്.
എന്നാൽ മാത്രമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്യാമ്പുകളിൽ നിന്നും എത്തുന്ന പോലീസുകാർക്ക് പൂരം ജനസൗഹൃദമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസിലെ ട്രെയിനർമാർക്ക് പുറമേ പൂരവുമായി ബന്ധപ്പെട്ട ആളുകളെ കൂടി ക്ഷണിച്ച് അക്കാദമിയിൽ പൂരം ഡ്യൂട്ടിക്ക് വരുന്ന പോലീസുകാർക്ക് ക്ലാസ് നൽകണമെന്നാണ് മറ്റൊരു നിർദ്ദേശം.