മോദിയുടെ വിവാദ പരാമർശം; ടി.എന്‍. പ്രതാപന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
Tuesday, April 23, 2024 11:26 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് മോദി പറഞ്ഞതിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
കഴിഞ്ഞദിവസം രാജസ്ഥാനിലെ ജലോറിലും ബന്‍സ്വാഡയിലും മോദി നടത്തിയ പ്രസംഗം വിവാദമായിരുന്നു. നരേന്ദ്രമോദി നടത്തിയ പ്രസംഗം നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതാപന് കമ്മീഷനെ സമീപിച്ചത്.
മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രതിനിധ്യ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ പറയുന്നു.