ബിജെപിയിൽ ചേരാനെത്തിയ സിപിഎം നേതാവ് ആര്? തൃശൂരിൽ ചർച്ച കൊഴുക്കുന്നു
Wednesday, April 24, 2024 4:13 PM IST
തൃശൂർ: ബിജെപിയിൽ ചേരാൻ തൃശൂരിലെത്തിയ സിപിഎം നേതാവ് ആരാണെന്നുള്ള ചർച്ച സജീവമാകുന്നു. കഴിഞ്ഞദിവസം ആലപ്പുഴയിൽ മത്സരിക്കുന്ന തൃശൂർ സ്വദേശിനിയായ ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് ബിജെപിയിൽ ചേരാൻ തൃശൂർ രാമനിലയത്തിൽ തന്റെ മുറിയിൽ വന്നു ചർച്ച നടത്തിയെന്ന് പറഞ്ഞത്.
ദല്ലാൾ നന്ദകുമാർ മുഖേനെയാണ് ഇത് നടത്തിയതെന്നും ആരാണെന്ന കാര്യം നന്ദകുമാർ പറഞ്ഞില്ലെങ്കിൽ മൂന്നുദിവസം കഴിഞ്ഞ് താൻ പേര് വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു.
ഈ നേതാവിനെ ബിജെപിയിൽ ചേർക്കാൻ കോടികൾ കേന്ദ്ര നേതാക്കളോട് നന്ദകുമാർ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യാത്ര നടത്തുന്നതിനിടയിലാണ് ഈ ചർച്ചകൾ നടന്നതത്രേ.
സിപിഎം ജാഥ നടത്തുന്പോൾ ഒരു പ്രമുഖ നേതാവ് വിട്ടുനിന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ഇദ്ദേഹം ഈ സമയത്തുതന്നെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയതും ചർച്ചയായിരുന്നു. പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് ഇത്തരത്തിൽ ബിജെപിയിൽ ചേരാൻ തയാകുമോയെന്നതാണ് പാർട്ടി പ്രവർത്തകരും മറ്റുള്ളവരും ചോദിക്കുന്നത്.
പാർട്ടിയുമായി ചില അസ്വാരസ്യങ്ങൾ ഉള്ളതിനാലാണ് അന്ന് ഈ നേതാവ് ജാഥയിൽനിന്ന് വിട്ടു നിന്നത്. പിന്നീട് ജാഥയിൽ പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമുള്ള നേതാവ് ചർച്ച നടത്തിയതിനെ തുടർന്നാണ് ബിജെപിയിലേക്കുള്ള പ്രവേശനം വേണ്ടെന്നു വച്ചതെന്നും പറയുന്നുണ്ട്.
സംഭവം ശരിയാണോയെന്നറിയാൻ ശോഭ സുരേന്ദ്രൻ പറയുന്ന ദിവസത്തെ രാമനിലയത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
പക്ഷേ, ഇത്തരം ദൃശ്യങ്ങൾ ആരു ചോദിച്ചാലും കൊടുക്കരുതെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന കർശന നിർദേശം. അതിനാൽ തെളിവുകൾ ഇപ്പോൾ തന്നെ നശിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു.