പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
Wednesday, April 24, 2024 7:00 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറ നീണ്ടുനിന്ന ലോക്സഭ തെരഞ്ഞുടപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ഇന്ന് വൈകുന്നേരം ആറോടെയാണ് പരസ്യപ്രചരണം കൊട്ടിക്കലാശിച്ചത്. ഇനി നിശബ്ദ പ്രചരണങ്ങളുടെ സമയമാണ്.
വെള്ളിയാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിനിറങ്ങി. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി കൊട്ടിക്കലാശത്തിനെത്തിയില്ല.
കൊടിതോരണങ്ങളും ബലൂണുകളും ചെണ്ടമേളങ്ങളും കൊണ്ട് കൊട്ടിക്കലാശം ആവേശത്തിലാക്കി ഓരോ മുന്നണികളും. ക്രെയിൻ എത്തിച്ചായിരുന്നു എൻഡിഎയുടെ കലാശകൊട്ട്. കാസർഗോഡ് എം.എൽ. അശ്വനിയും കൊല്ലത്ത് ജി. കൃഷ്ണകുമാറും ആറ്റിങ്ങൾ വി. മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർഥികൾ ക്രെയിനിലേറിയാണ് കൊട്ടിക്കലാശം ആവേശത്തിലാക്കിയത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും ക്രെയിനിലേറി ആവേശം വാനോളം ഉയർത്തി. അതേസമയം മലപ്പുറത്തും ഇടുക്കിയിലും നേരിയ സംഘർഷം ഉണ്ടായി.