ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
Thursday, April 25, 2024 6:43 PM IST
കണ്ണൂര്‍: ഇ.പി ബിജെപിയിലേക്ക് ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭയുടെ വെളിപ്പെടുത്തൽ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
ഇ.പി മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. "നോട്ട് മൈ നമ്പര്‍' എന്ന് ജയരാജന്റെ മകൻ വാട്സ്ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
എന്നാൽ തന്റെ മകൻ ശോഭാ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ഇ.പി പറഞ്ഞു. ഒരു വിവാഹച്ചടങ്ങില്‍ വച്ച് ശോഭ, മകന്റെ ഫോൺ നമ്പര്‍ വാങ്ങിയിരുന്നു. പിന്നീട് ഇടയ്ക്കിടെ നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വാട്സ്ആപ്പിൽ അയക്കുമായിരുന്നു. മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും ഇ.പി പറഞ്ഞു.
അതേസമയം ജയരാൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നതായി ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ജയരാജൻ തന്നെയാണ് ചർച്ചകൾ നടത്തിയത്. ഭീഷണി മൂലമാണ് ജയരാജൻ പിൻമാറിയത്.
ജയരാജനറിയാം ചില്ലറ ഭീഷണിയല്ല ഉള്ളതെന്ന്. സ്വന്തം പ്രസ്താനത്തിനകത്ത് ഉള്ളവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിയില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോട്ടം നടത്തിയതെന്നും ശോഭ പറഞ്ഞിരുന്നു.