ഡൽഹി പോലീസിനെ കളിപ്പാവയായി ഉപയോഗിക്കുന്നു: രേവന്ത് റെഡ്ഡി
Monday, April 29, 2024 7:39 PM IST
ഹൈദരാബാദ്: ഡൽഹി പോലീസിനെയും കളിപ്പാവയായി ഉപയോഗിക്കുന്നെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഡൽഹി പോലീസിനെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുകയാണ്. എന്ത് വന്നാലും ഭയപ്പെടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച ഡൽഹി പോലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് രേവന്ത് റെഡ്ഡിക്ക് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. തെലുങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് അമിത് ഷായ്ക്കെതിരായി സംവരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ വീഡിയോ വ്യാജമായി നിർമിച്ചതാണെന്ന് ആരോപിച്ച് ബിജെപിയും ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. തുടർന്ന് നൽകിയ പരാതിയിലാണ് രേവന്ത് റെഡ്ഡിക്കും മറ്റു നാലു പേർക്കും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് നോട്ടീസ് നൽകിയത്.