പ്രജ്വൽ രേവണ്ണ മസ്കറ്റിൽ; പോളിംഗിന് ശേഷം കീഴടങ്ങും
Sunday, May 5, 2024 3:17 PM IST
ബംഗളൂരു: ലൈംഗിക പീഡനക്കേസിന് പിന്നാലെ രാജ്യം വിട്ട കർണാടക എംപിയും നിലവിൽ ഹാസൻ മണ്ഡളത്തിലെ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങില്ല. കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആരോപണത്തോടെ ജർമനിയിലേക്ക് കടന്ന പ്രജ്വൽ ഇന്ന് പുലർച്ചെ ഒമാനിലെ മസ്കറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് പ്രജ്വൽ മത്സരിക്കുന്ന ഹാസൻ ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ മൂന്നാംഘട്ട പോളിംഗ്. ഇതിന് ശേഷം മംഗളൂരുവിൽ എത്തി കീഴടങ്ങാനാണ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വലിനെതിരേ ഗുരുതര ലൈംഗിക പീഡന പരാതി ഉയർന്നതോടെ സഖ്യകക്ഷിയായ ബിജെപി കൂടി പ്രതിരോധത്തിലായിരുന്നു.
പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചത് നരേന്ദ്ര മോദിയാണെന്ന പ്രചരണമാണ് കർണാകടയിൽ കോൺഗ്രസ് നടത്തുന്നത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ കേന്ദ്ര നേതൃത്വമാണ് കർണാകടയിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കിയത്. വിവാദം ഉയർന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ പഴിക്കുന്ന സ്ഥിതിയാണ്.
അതേസമയം ശനിയാഴ്ച അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബലാത്സംഗക്കേസിന് പുറമേ തട്ടിക്കൊണ്ടുപോകൽ കേസും രേവണയ്ക്ക് മേൽ ചുമത്തുമെന്നാണ് വിവരം. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയാൽ രേവണ്ണ തിങ്കളാഴ്ച തന്നെ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കും.