ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
Monday, May 13, 2024 12:12 AM IST
മാലി: ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസാൻ മൗമൂൺ. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നടപടിയിൽ 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ മാലിദ്വീപ് വിട്ട് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയിൽ നിന്നുള്ള സാധാരണക്കാരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാൻ ശനിയാഴ്ച രാഷ്ട്രപതിയുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസാൻ മൗമൂൺ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ സൈന്യം നൽകിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൈനികർ മാലിദ്വീപിൽ ഇല്ലെന്ന് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ഗസാൻ മൗമൂൺ പറഞ്ഞു.
വിവിധ ഘട്ടങ്ങൾ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാൽ, പല കാരങ്ങൾ കൊണ്ട് പരിശീലനം പൂർത്തിയാക്കാൻ സൈനികർക്ക് സാധിച്ചില്ല. അതിനാൽ, രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും പറത്താൻ ലൈസൻസുള്ളവരോ കഴിവുള്ളവരോ ഇപ്പോൾ ഞങ്ങളുടെ സേനയിൽ ഇല്ല.-ഗസാൻ മൗമൂണിനെ ഉദ്ധരിച്ച് അധാധു ഡോട്ട് കോം ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.