ലോറൻസ് ബിഷ്ണോയി-രോഹിത് ഗോദാര സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ
Tuesday, May 14, 2024 7:04 AM IST
ഗുരുഗ്രാം: ലോറൻസ് ബിഷ്ണോയി-രോഹിത് ഗോദാര സംഘവുമായി ബന്ധമുള്ള അഞ്ച് ഷാർപ്പ് ഷൂട്ടർമാരെ ഗുരുഗ്രാം പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് വിദേശ നിർമിത ഗ്ലോക്ക് പിസ്റ്റൾ, 9 എംഎം ഉൾപ്പെടെ അഞ്ച് ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 55 ലൈവ് കാട്രിഡ്ജുകളും ഇവരിൽ നിന്ന് കണ്ടെടുത്തു.
ദിനേശ് എന്ന ദീനു, ജഗ്ഗു എന്ന ജഗദീഷ്, വിഷ്ണു, സാഗർ, പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതായും പോലീസ് അറിയിച്ചു.
ശനിയാഴ്ച ഫറൂഖ് നഗറിൽ നിന്നാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി പഞ്ചാബിലെ ഫാസിൽക്കയ്ക്ക് സമീപമുള്ള അബോഹറിൽ നിന്ന് മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തു.
അഞ്ച് ദിവസം മുമ്പ് നൂഹിൽ നടന്ന ഏറ്റുമുട്ടലിൽ ഡൽഹി പോലീസിന്റെയും നുഹ് പോലീസിന്റെയും എസ്ടിഎഫിന്റെയും സംയുക്ത സംഘം ഇതേ സംഘത്തിലെ രണ്ട് ഷൂട്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു.