എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Saturday, May 18, 2024 7:36 AM IST
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കൾ പറഞ്ഞു.
ആത്മഹത്യ പ്രേരണയ്ക്ക് പ്രതിചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.
തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ, ഇപ്പോള്‍ പ്രതിചേർത്തിവർക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.