അവയവക്കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
Tuesday, May 21, 2024 8:30 AM IST
കൊച്ചി: അവയവക്കടത്ത് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
കേസില്‍ അറസ്റ്റിലായ പ്രതി സബിത്ത് നാസര്‍ കുറ്റം സമ്മതിച്ചിരുന്നു. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇരകളായവര്‍ക്ക് നല്‍കിയത് ആറു ലക്ഷം രൂപ വരെയാണ്.
ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയെന്നാണ് സാബിത്ത് പോലീസിന് നല്കിയ മൊഴി.
ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് സബിത്ത് നാസര്‍ പിടിയിലായത്. ഇന്ത്യയിൽ നിന്നും ആളുകളെ കുവൈറ്റിൽ എത്തിച്ച് അവിടെ നിന്ന് ഇറാനിലേക്ക് എത്തിച്ചാണ് ഇയാൾ അവയവ കച്ചവടം നടത്തുന്നത്.
ഇറാനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തില്‍ വച്ച് നെടുമ്പാശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അവയവക്കടത്തിനായി 20 പേരെ ഇറാനിലെത്തിച്ചെന്ന് ഇയാൾ എൻഐഎ സംഘത്തിന് മൊഴി നൽകി. ഇങ്ങനെ കടത്തിയവരിൽ ചിലർ മരിച്ചെന്നും സൂചനയുണ്ട്.