അവയവക്കടത്ത് കേസ്: അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്നിന്നെന്ന് സാബിത്തിന്റെ മൊഴി
Tuesday, May 21, 2024 3:02 PM IST
കൊച്ചി: അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്‍ നിന്നാണെന്ന് നെടുമ്പാശേരി അവയവക്കടത്ത് കേസിലെ പ്രതിയായ സാബിത്ത് നാസറിന്റെ മൊഴി. ഇവിടെനിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധമുണ്ടായതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എത്ര പേരെ ഇയാള്‍ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ഇവരുടെ ആരോഗ്യസ്ഥിതി, ഇതില്‍ എത്ര പേര് മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളാണ് അന്വേഷണം നടക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതില്‍ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നല്കാന് തയാറായി 2019ല്‍ ഹൈദാരാബാദിലെത്തിയതായിരുന്നു സാബിത്ത് നാസര്‍. എന്നാല്‍ ആ നീക്കം പാളിയിരുന്നു. തുടര്‍ന്ന് അവയവ മാഫിയ സംഘങ്ങളുമായി ഇയാള്‍ ബന്ധമുറപ്പിക്കുകയായിരുന്നു.
പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെനിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാള്‍ മാറി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഉള്‍പ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷെമീര്‍ എവിടെ?
സാബിത്ത് നാസര്‍ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് പോലീസിന്റെ നീക്കം.
അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സാബിത്ത് നാസര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിയെടുത്തത് വന്‍ തുക
ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്റുമാര്‍ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുള്‍ പാക്കേജായി 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നല്‍കുന്നവര്‍ക്ക് ടിക്കറ്റ്, താമസം മുതല്‍ ചികിത്സാ ചെലവും പ്രതിഫലമായി പരമാവധി ആറു ലക്ഷം രൂപ വരെയും നല്‍കും. വന്‍തുക ആശുപത്രിയില്‍ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവന്‍ ഏജന്റ് തട്ടിയെടുക്കുകയായിരുന്നു പതിവ്.
പ്രത്യേക അന്വേഷണ സംഘം
കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.