ബിജെപി ടാഗുള്ള ഇവിഎമ്മുകൾ ഉപയോഗിച്ചെന്ന് തൃണമൂൽ
Sunday, May 26, 2024 7:28 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിൽ ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ബിജെപിയുടെ ടാഗുള്ള വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്.
ബാങ്കുരയിലെ രഘുനാഥ്പുർ പോളിംഗ് സ്റ്റേഷനിൽനിന്നുള്ള ബിജെപി എന്നെഴുതിയ പേപ്പർ ടാഗുകളുള്ള രണ്ട് വോട്ടിംഗ് മെഷീനുകളുടെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് ആരോപണമുന്നയിച്ചത്.
ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ച് വോട്ട് ചോർത്താൻ ബിജെപി ശ്രമിക്കുന്നത് ഇങ്ങനെ എന്നുപറഞ്ഞായിരുന്നു പോസ്റ്റ്. അഞ്ച് ഇവിഎമ്മുകളിൽ ബിജെപി ടാഗ് കണ്ടെത്തിയെന്നും തെരഞ്ഞെടുപ്പുകമ്മീഷൻ അതു പരിശോധിച്ച് നടപടിയെടുക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടു.
അതേസമയം, തൃണമൂലിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തുവന്നു. ഇവിഎം കമ്മീഷനിംഗ് സമയത്ത് ബിജെപി സ്ഥാനാർഥിയുടെ പ്രതിനിധി മാത്രമേ കമ്മീഷനിംഗ് ഹാളിലുണ്ടായിരുന്നുള്ളൂ എന്നതിനാലാണ് അദ്ദേഹത്തിന്റെ ഒപ്പ് ശേഖരിച്ചതെന്ന് കമ്മീഷൻ എക്സിലൂടെ അറിയിച്ചു.
പോളിംഗ് സ്റ്റേഷൻ നന്പർ 56,58,60,61,62 എന്നിവയിൽ ഉണ്ടായിരുന്ന എല്ലാ ഏജന്റുമാരുടെയും ഒപ്പ് വോട്ടെടുപ്പുസമയത്ത് ലഭിച്ചു. കമ്മീഷനിംഗ് സമയത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു. ഇതു സിസിടിവിയിൽ വ്യക്തമാണ്. മാത്രമല്ല വീഡിയോ റിക്കാർഡിംഗ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.