സംശയരോഗം; ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തി
Sunday, May 26, 2024 11:16 AM IST
കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു. വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു.
ചെങ്ങളം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോ ആശുപത്രിയില്‍ തുടരുകയാണ്. പ്രതി അജീഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
അജേഷിന്റെ ഭാര്യയുടെ ബന്ധുവാണ് രഞ്ജിത്ത്. ശനിയാഴ്ച രാത്രി 7:45 ഓടെയാണ് സംഭവം. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയെ അജേഷ് ആക്രമിക്കുകയായിരുന്നു.
റിജോയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനാണ് രഞ്ജിത്ത് വന്നത്. ഇതിനിടെ റിജോ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു
അജേഷിന് ഭാര്യയെ നിരന്തരം സംശയമായിരുന്നെന്നും ഇക്കാര്യം പറഞ്ഞ് നാട്ടിലുള്ള പലരോടും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് വിവരം. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.