മദ്യനയത്തില്‍ ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ല; വിശദീകരണവുമായി ടൂറിസം വകുപ്പ്
Sunday, May 26, 2024 6:10 PM IST
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട യോഗത്തില്‍ വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍ പി.ബി.നൂഹ്. മേയ് 21 ന് യോഗം ചേര്‍ന്നത് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചതെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.
മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം വിളിച്ചത്. പതിവ് യോഗം മാത്രമാണത് ചേർന്നത്. മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ലെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ ചേരും.
അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിങ്ങാണ് മേയ് 21ന് നടത്തിയിട്ടുള്ളതെന്നും ടൂറിസം ഡയറക്ടർ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം ടൂറിസം ഡയറക്ടറാണ് യോഗം വിളിച്ചത്. ഈ സൂം മീറ്റിംഗിൽ ബാറുടമകൾ അടക്കം പങ്കെടുത്തിരുന്നു.
ഇതിൽ മന്ത്രിയുടെ ഇടപെടലോ നിർദേശമോ ഒന്നും ഇല്ല. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അഭിപ്രായം അറിയാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം ഉണ്ടായിരുന്നുവെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു.